തൃശൂർ: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ബിഎസ്എൻഎൽ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ നടത്തിയ സംസ്ഥാനവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെയായിരുന്നു തൃശൂരിലും മാർച്ച്.
ബിഎസ്എൻഎൽ ഓഫീസ് പരിസരത്തു പോലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്നു റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരാണു മാർച്ചിൽ പങ്കെടുത്തത്.
ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കു പരിക്കേറ്റു.
ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. എട്ടുപേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐയുടെ 102 അവകാശങ്ങൾ അടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്. റോസൽരാജ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി. അഭിജിത്ത്, എ.ആർ. അജയരാജ്, നവ്യകൃഷ്ണ, വി.എസ്. ആദിത്യ, ആൽവിൻ ഷാജി, യു.എസ്. റിഥിൻ, പി.എ. അശ്വിൻ, ടി.എം. കാർത്തിജ് എന്നിവർ പ്രസംഗിച്ചു.